Tuesday 24 January 2012

ഓര്‍മ്മയിലെ ഓളങ്ങള്‍

പിന്നിട്ട അനുഭവങ്ങള്‍ ചിലത് വേദനയാകാം. എന്നാലും ഇന്നതൊക്കെയും മനോഹരമായ ഓര്‍മകള്‍. ഓര്‍മ്മകള്‍ കൊണ്ടുള്ള ഒരു അണകെട്ടല്‍ ഇവിടെ മലയാളികളുടെ 'സ്വന്തം സംവിധായകന്‍' സത്യന്‍ അന്തിക്കാട് , പ്രശസ്ത എഴുത്തുകാരി എസ് .സിതാര, ലോകമറിയുന്ന ശില്പി കാനായി കുഞ്ഞിരാമന്‍, കവയിത്രിയും ആകാശവാണി അനൗണ്‍സറുമായ വി.എം.ഗിരിജ, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മെഡിസിന്‍ ഹെഡ്ഡും പോസ്റ്റ്മാര്‍ട്ടം എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഡോ.ഷേര്‍ളി വാസു, എം.കെ.മുനീര്‍ എന്നീവര്‍ ഓര്‍മ്മകള്‍ പറയുന്നു.


മോഹന്‍ലാലും ചിരട്ടപ്പുട്ടും/സത്യന്‍ അന്തിക്കാട്

വീട്ടില്‍ ഇരുന്നാല്‍ കാണാം, ദൂരെ നിന്ന് മഴ പെയ്തുവരുന്നത് .'നാടോടിക്കാറ്റി'ന്റെ കാലം... എന്റെ പതിവുരീതിയിലായിരുന്നു ഞാന്‍. നഗരത്തില്‍ സിനിമ റിലീസ് ചെയ്യുമ്പോള്‍ അന്തിക്കാട്ടേക്ക് ആരുമറിയാതെ ഒളിച്ചുകടക്കുന്ന സ്വഭാവം. അവിടെയാണെങ്കില്‍ ടി.വി.യില്ല, ഫോണുമില്ല. ഒരു ചെറിയ മഴ പെയ്താല്‍ മതി, പിന്നെ, നാലു ദിവസത്തേക്ക് കറണ്ടും നോക്കേണ്ട. സിനിമയും സിനിമാക്കാരും എത്തിനോക്കാത്ത നാടും വീടും. ഇടയ്ക്ക് കൂട്ടംതെറ്റിയതുപോലെ കഥ വായിച്ചു കേള്‍പ്പിക്കാനെത്തുന്നവര്‍ മാത്രം. ഞാനെന്റെ ഏകാന്തതയില്‍ രാജാവിനെപ്പോലെ വാഴുകയാണ്.
നിറയെ ഉരുളന്‍കല്ലുകള്‍ നിറഞ്ഞ, മഴ പെയ്താല്‍ പുഴ പോലെയാവുന്ന, നീര്‍ക്കോലിയൊക്കെ പായുന്ന ഒരിടവഴി. അതു കടന്നുവേണം വീട്ടിലെത്താന്‍. 'സത്യന്റെ സിനിമ നല്ലതാണ്. പക്ഷേ, വീട് അത്ര നല്ലതല്ല'', സിനിമാക്കാരെല്ലാം പറയും.
അന്നത്തെ എന്റെ ഗ്രാമത്തിന് വിസ്തീര്‍ണം കൂടുതലായിരുന്നു. ഇന്ന് കോണ്‍ക്രീറ്റ് വീടുകള്‍ നില്‍ക്കുന്ന സ്ഥലം മുഴുവന്‍ പാടമായിരുന്നു നോക്കെത്താ ദൂരത്തോളം. വീട്ടില്‍ ഇരുന്നാല്‍ കാണാം, വളരെ ദൂരെ നിന്ന് മഴ പെയ്തുവരുന്നത്.
'നാടോടിക്കാറ്റി'ന്റെ കളക്ഷന്‍ അറിയാനൊന്നും യാതൊരു മാര്‍ഗവുമില്ല. അറിയണമെന്ന് കലശലായ മോഹം തോന്നി. പതുക്കെ വീട്ടില്‍ നിന്നിറങ്ങി, നേരെ തൃശ്ശൂര്‍ക്ക് ബസ് കയറി. പോവുന്നത് 'രാമദാസ്' തിയേറ്ററിന് മുന്നിലൂടെയാണ്. മാറ്റ്‌നി വിടുന്ന സമയം. മൊത്തം ട്രാഫിക്ക് ബ്ലോക്ക്. അപ്പോള്‍ ബസ് കണ്ടക്ടര്‍ പറഞ്ഞു, 'ഇത് വലിയ പുലിവാലാണല്ലോ. ഏതോ ഒരുത്തനൊരു സിനിമ ഇറക്കിയിട്ടുണ്ട്. ഞങ്ങള്‍ക്കാണ് പാട്.'' വണ്ടിക്കാര്‍ എന്റെ സിനിമയെ ശപിക്കുന്നതുകേട്ട് ഞാന്‍ ഊറിച്ചിരിച്ചു.
ആയിടയ്‌ക്കൊരു ദിവസം. വീട്ടില്‍ നല്ല സ്വസ്ഥതയോടെ ഞാനിങ്ങനെ ചാരുകസേരയില്‍ നീണ്ടുനിവര്‍ന്ന് ഇരിക്കുകയാണ്. 
അപ്പോള്‍ റോഡില്‍ ഒരു കാര്‍ വന്നുനിന്നു. പുറകേ കുറേ പിള്ളേരും. ആ നാട്ടിലൊരുകാര്‍ അന്ന് അപൂര്‍വ കാഴ്ചയാണ്. ഞാന്‍ ഒരു ശത്രുവിനെപ്പോലെ ആ കാര്‍ നോക്കിനിന്നു. എന്റെ ഏകാന്തതയിലേക്ക് കടന്നുവന്നത് ആരെന്ന ഭാവത്തില്‍. നോക്കുമ്പോള്‍ മോഹന്‍ലാല്‍. ''ലാലിനെയാരെങ്കിലും തിരിച്ചറിഞ്ഞോ?'', കണ്ടയുടനെ ചോദിച്ചു. ''ഇല്ല, മുഖം മറച്ചാണ് ഞാന്‍ വഴി ചോദിച്ചത്'' ലാലിന്റെ മറുപടി. എന്നിട്ട് ചാടിക്കയറി പറഞ്ഞു, ''എനിക്കിവിടെനിന്ന് ചിരട്ടപ്പുട്ടും മീന്‍കറിയും കഴിക്കണം.''
കുറച്ചു കഴിഞ്ഞപ്പോഴുണ്ട്, കടന്നല്‍ക്കൂട് ഇളകിയതുപോലെ ഒരാരവം. സൈക്കിളില്‍ ആളുകള്‍ വരുന്നതാണ്. ലാലിനെ അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ലാലിനെയും കൊണ്ട് വേഗം എന്റെയൊരു ചേട്ടന്റെ വീട്ടിലേക്ക് മാറി.
ആള്‍ക്കാരുടെ തിക്കിലും തിരക്കിലും ചേട്ടത്തിയമ്മ ഓമനിച്ചു വളര്‍ത്തിയ ചെടികളും ചട്ടികളുമെല്ലാം തവിടുപൊടിയായി. ലാലിനെ ഒരു തരത്തില്‍ വീടിന്റെ ടെറസില്‍ കൊണ്ടിരുത്തി. എന്നിട്ടു പറഞ്ഞു, 'പൊന്നു ലാലേ, ചിരട്ടപ്പുട്ടും കറിയും അങ്ങോട്ടെത്തിക്കാം. മേലില്‍ ഇങ്ങോട്ട് വരികയും വേണ്ട. എന്റെ സ്വസ്ഥത തകരും.'' അങ്ങനെ ഒരുകണക്കിന് ലാലിനെ പറഞ്ഞുവിട്ടു. അന്നത്തെ എന്റെ നാടും നാട്ടുകാരും ഇന്നുമെന്റെ ഓര്‍മയിലുണ്ട്. വീട്ടില്‍ എന്നെ കണ്ടാല്‍ നിര്‍ദോഷമായി അവര്‍ ചോദിക്കും, ''പണിയൊന്നുമില്ല അല്ലേ'. ഞാന്‍ 'ഇല്ലെന്ന' ഭാവത്തില്‍ വിഷമത്തോടെ നില്‍ക്കും. സൗകര്യങ്ങളെല്ലാം തീരെ കുറവ്. എങ്കിലും മനസ്സില്‍ ഇപ്പോഴും അതെല്ലാം വലിയ പ്രതാപത്തിന്റെ കുട പിടിച്ചു നില്‍പ്പാണ്.  

മാതൃഭൂമി ആഴ്ചപ്പതിപ്പും കുറേ ഓര്‍മകളും/എസ്. സിതാര


''മാതൃഭൂമി ആഴ്ചപതിപ്പിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള ലക്കങ്ങള്‍... വായനയോട് ബന്ധപ്പെട്ട ഏറ്റവും ഗൃഹാതുരമായ ഓര്‍മകളില്‍ ഒന്നാണത്... അവയുടെ പാവം കടലാസ് മണം... ഉരുണ്ടു കുനുകുനെയുള്ള, പിന്നീടെപ്പോഴോ നഷ്ടപ്പെട്ടുപോയ, രസികന്‍ അക്ഷരങ്ങള്‍... നേര്‍രേഖകളില്‍ മദനന്‍ വരച്ചിടുന്ന, നീണ്ടു വലിയ കണ്ണുകളും കോലന്‍ മുടിയും ഇത്തിരി തടിയും ഉള്ള കിടിലന്‍ സ്ത്രീകള്‍... ബാല പംക്തിയിലെ 'ബാലന്മാര്‍' ഉള്ളില്‍ ഉണര്‍ത്തിയിരുന്ന കുഞ്ഞു കുഞ്ഞു അസൂയകള്‍... അത് മടിയില്‍ വച്ച് വായിച്ചു കൊണ്ട് ഞാന്‍ ഇരിക്കാറുള്ള എന്റെ പഴയ വീടിന്റെ തിണ്ണ...'', സിതാര ഒരു ചെറുപുഞ്ചിരിയോടെ ഓര്‍മ്മിച്ചു.

ഇതൊക്കെയും നഷ്ടപ്പെട്ടു പോയിട്ട് ഒരുപാട് വര്‍ഷങ്ങളായി. വീട്ടില്‍ സൂക്ഷിച്ചു വച്ചിരുന്ന പഴയ ലക്കങ്ങള്‍ ദ്രവിച്ചും ആക്രിക്കച്ചവടക്കാരന്റെ ത്രാസ്സില്‍ ക്ഷീണിച്ചു കിടന്നും എനിക്ക് പൊടി അലര്‍ജി എന്ന അരസികന്‍ ഭീഷണി ഉയര്‍ത്തിയും ഒക്കെ എന്നില്‍ നിന്നകന്നുപോയി. പതുക്കെ, വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ അവയെപ്പറ്റിയുള്ള ഓര്‍മകളും അവശേഷിക്കാതെയായി.
പഴയ മാതൃഭൂമി ആഴ്ചപ്പതിപ്പിനെ എന്റെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് ചേച്ചി എന്ന് ഞാന്‍ വിളിക്കുന്ന ശാന്തി ടീച്ചര്‍ ആണ്. ഒരിക്കല്‍ മാത്രം കണ്ടിട്ടുള്ള, എന്നില്‍ ഒരുപാട് കൗതുകങ്ങള്‍ ഉണര്‍ത്തിയ, ഞാന്‍ അറിഞ്ഞതില്‍ ഏറ്റവും കാല്പനികയായ സ്ത്രീ... എന്റെ പ്രിയസുഹൃത്തും കവിയും ആയ ശൈലന്റെ കല്യാണത്തിനാണ് ഞാന്‍ അവരെ കാണുന്നത്. കഥാകൃത്ത് സുസ്‌മേഷ് ചന്ദ്രോത്ത് ആയിരുന്നു അവരെ പരിചയപ്പെടുത്തിയത്. മുഖം നിറയെ ചിരിയുമായി, കഥകള്‍ ഇഷ്ടമാണെന്ന് സ്‌നേഹത്തോടെ, എന്റെ കൈ പിടിച്ചമര്‍ത്തി അവര്‍ നിന്നപ്പോള്‍ തന്നെ എന്റെ മനസ്സ് അവരെ 'ചേച്ചീ' എന്ന് വിളിച്ചു. സുസ്‌മേഷിനും ഭാര്യ സംപ്രീതക്കും ഒപ്പം എന്നെയും അവര്‍ തൊട്ടടുത്തുള്ള തന്റെ വീട്ടിലേക്ക് നിര്‍ബന്ധിച്ചു കൊണ്ടുപോയി. വീട്ടിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കല്ലുകള്‍ പൊങ്ങി നില്‍ക്കുന്ന പുരാതനമായ ഒരു ഇടവഴി... മുറ്റത്ത് വാടിക്കിടക്കുന്ന ചെമ്പകം... വീടിന്റെ അകത്തു നിറഞ്ഞു നിന്ന നാടന്‍ സാമ്പാറിന്റെ ഗന്ധം... ചിരിയോടെ ഞങ്ങളെ കാത്തു നിന്ന ചേച്ചിയുടെ രണ്ടു മാലാഖക്കുട്ടികള്‍...

ഞങ്ങളെ എങ്ങനെ സ്വീകരിക്കണം എന്നറിയാതെ ചേച്ചി വിഷമിക്കുന്നത് ഞാന്‍ കൗതുകത്തോടെ കണ്ടു. എന്റെ കൗതുകം കണ്ണില്‍ ഓര്‍മകളായി നനഞ്ഞത് അവര്‍ വലിയൊരു കെട്ട് മാതൃഭൂമി ലക്കങ്ങള്‍, വര്‍ഷങ്ങള്‍ പഴക്കമുള്ളത്, മുന്നില്‍ കൊണ്ടുവെച്ചപ്പോഴാണ്. അവയുടെ പഴകിയ പുറം താളുകള്‍ സ്​പര്‍ശിക്കവെ വിരലുകള്‍ സ്‌നേഹത്താല്‍ ഇടറി. ശാന്തി പ്രയാഗ എന്ന പേരില്‍ ചേച്ചി ഒരു പാട് കഥകള്‍ മാതൃഭൂമിയില്‍ എഴുതിയിട്ടുണ്ട് എന്ന സുസ്‌മേഷ് പറഞ്ഞു. കുട്ടേട്ടന്‍ എന്ന കുഞ്ഞുണ്ണി മാഷ് തനിക്കെഴുതിയിരുന്ന നീണ്ട കത്തുകളെ പറ്റി ചേച്ചിയും... ശാന്തി പ്രയാഗ എന്ന പേരിനടിയില്‍ മഞ്ഞച്ച് കിടന്ന അക്ഷരങ്ങളെ നോക്കി നില്‍ക്കെ, അവരുടെ കണ്ണുകളില്‍ ഊറിയ നഷ്ടബോധം ... ആ നിമിഷം അവര്‍ എന്നേക്കുമായി എന്റെ ചേച്ചിയായി.

ചേച്ചി ഞങ്ങള്‍ക്ക് തന്ന ഉപ്പിലിട്ട നെല്ലിക്കയും ഉണക്ക മാങ്ങയും രസിച്ചു കഴിച്ച്, അവര്‍ക്ക് ഏതോ കഥാമത്സരത്തിനു സമ്മാനം കിട്ടിയ എന്റെ ഒരു കഥാസമാഹാരത്തില്‍ സ്‌നേഹം എഴുതി, അവരുടെ പ്രിയ എഴുത്തുകാരിയും എന്റെ പ്രിയ സ്‌നേഹിതയും ആയ കെ. രേഖയെ പറ്റിയുള്ള നൂറു ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ്, അവര്‍ കൈയില്‍ പിടിപ്പിച്ച രണ്ടു കൊച്ചു കമ്മലുകളും ഉണക്ക മാങ്ങയും ബാഗില്‍ വച്ച്, ഞാന്‍ അവിടെ നിന്നിറങ്ങി. എന്നിട്ടും, എന്തോ കൂടി എടുക്കാനുണ്ട് എന്ന് മനസ്സ് പറഞ്ഞു കൊണ്ടിരുന്നു... എന്റെ ആഴ്ചപ്പതിപ്പ് ലക്കങ്ങള്‍...ചേച്ചിയോട് രണ്ടെണ്ണം എടുത്തോട്ടേ എന്ന് ചോദിക്കാന്‍ എനിക്ക് ധൈര്യം വന്നില്ല. കാരണം, അവയുടെ ഗൃഹാതുരമായ സാന്ത്വനം എന്നേക്കാള്‍ ആവശ്യമുള്ളത് ചേച്ചിക്കാണ് എന്ന് ഒരുപക്ഷേ എനിക്കറിയാമായിരുന്നു ... 



പെണ്ണുപോലൊരു തീവണ്ടി/കാനായി കുഞ്ഞിരാമന്‍
കാസര്‍കോട് ജില്ലയിലെ പീലിക്കോട് ഗ്രാമം, അച്ഛന്റെ നാട്. രണ്ടാം ക്ലാസ് മുതല്‍ പഠിച്ചത് അവിടെനിന്നാണ്. ഒരു കുന്നിന്റെ ചരിവിലായിരുന്നു വീട്. മുമ്പില്‍ വിശാലമായ പാടം. അതിനു നടുവില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന റെയില്‍പ്പാളവും. വീടിനു നേരെ മുകളില്‍ ഹൈവേയാണ്. റോഡുണ്ടെന്നേയുള്ളൂ. കാറൊന്നും കാണാറേയില്ല. എപ്പോഴും കാണുന്നത് തീവണ്ടി മാത്രമാണ്. ഗ്രാമത്തിലൂടെ അതിങ്ങനെ ഏകാന്തമായി കൂകിപ്പായും. ഇന്നത്തെ വണ്ടിയല്ല, കല്‍ക്കരിയിലോടുന്നത്. അന്ന് വണ്ടിയുടെ ശബ്ദത്തിനുപോലുമൊരു താളമുണ്ടായിരുന്നു. ഓടുമ്പോള്‍ പുറത്തേക്ക് പോവുന്ന പുകയ്‌ക്കൊരു മനോഹാരിതയും, ഒരു സുന്ദരിയുടെ നീണ്ടിടതൂര്‍ന്ന ചുരുളന്‍മുടിപോലെ. സുന്ദരികളുടെ മനോഹരമായ മുടി കാണുമ്പോഴെല്ലാം ഞാനിതോര്‍ക്കും.
ദൂരെ നിന്നും തീവണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോഴേ ഞങ്ങള്‍ കളിയെല്ലാം നിര്‍ത്തിയോടും. റെയില്‍പ്പാളത്തിനരികിലേക്ക്. വണ്ടി അങ്ങുദൂരെ ഒരു പൊട്ട് മാത്രമാവുന്നതുവരെ നോക്കിനില്‍ക്കും. പിന്നെ, അടുത്ത വണ്ടിക്കു വേണ്ടിയുള്ള കാത്തുനില്‍പ്പാണ്. ആകെ മൂന്നു വണ്ടിയേ ആ വഴി പോയിരുന്നുള്ളൂ. അതിലൊന്ന് രാത്രിയിലും. ഉറങ്ങാന്‍ കിടന്നാലും അടുത്തുവരുന്ന ആ ചൂളംവിളിക്ക് വേണ്ടി കാതോര്‍ക്കും.
ഞാന്‍ പഠിച്ചിരുന്നത് പുത്തിലോട്ട് സ്‌കൂളിലായിരുന്നു. അവിടെയുള്ള കൂട്ടുകാരൊന്നും തീവണ്ടി കണ്ടിട്ടുണ്ടായിരുന്നില്ല. ഞാനെന്നും കൂട്ടുകാരോട് തീവണ്ടി വിശേഷങ്ങള്‍ പറയും. കേട്ടുകേട്ട് അവര്‍ക്കും കൊതിയാവും. അങ്ങനെ ഉച്ചക്കഞ്ഞിക്ക് സ്‌കൂള്‍ വിടുമ്പോള്‍ അവരേയും കൂട്ടി ഞാന്‍ ഗമയില്‍ പോവും. ചിലപ്പോള്‍ വൈകിയോടുന്ന ഒരു വണ്ടിയുണ്ടാവും. അതുകണ്ട് അവരെല്ലാം തുള്ളിച്ചാടും.
എട്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍ നീലേശ്വരം സ്‌കൂളിലേക്ക് മാറ്റിയെന്നെ. വീട്ടില്‍ നിന്നും പത്ത് കിലോമീറ്ററെങ്കിലുമുണ്ടാവും. വണ്ടിയില്‍ പോവാന്‍ അച്ഛന്‍ പൈസയും തരില്ല. അപ്പോള്‍ നടപ്പുതന്നെ ശരണം. ഞങ്ങള്‍ കുറേ കുട്ടികള്‍ ചേര്‍ന്ന് ബെറ്റ് വെക്കും. റെയില്‍പ്പാളത്തിലൂടെ നടക്കണം, താഴെ വീഴാതെ. വീഴാതെ സ്‌കൂളിലെത്തുന്നയാള്‍ക്ക് ഒരു മിഠായി. ഇങ്ങനെ നടക്കുമ്പോള്‍ ദൂരമൊന്നും അറിയുകയേയില്ല.
വണ്ടിയില്‍ കയറിയവരെ തിരിച്ചറിയാന്‍ എളുപ്പമാണ്. ഉടുപ്പു മുഴുവന്‍ കരി പിടിച്ചിട്ടുണ്ടാവും. അന്നൊക്കെ വണ്ടിയില്‍ കയറാന്‍ ഭയങ്കര മോഹമായിരുന്നു. എത്രയോ തീവണ്ടികള്‍ കടന്നുപോകുന്നത് കൊതിയോടെ നോക്കിനിന്നിട്ടുണ്ട്. അതില്‍ യാത്ര ചെയ്യുന്നവരോടെല്ലാം എനിക്ക് കുശുമ്പായിരുന്നു.



നിലാവിലെ സ്വപ്നക്കീറ് /വി.എം. ഗിരിജ
എനിക്ക് പൂരം ആ അഭൗമസന്ദര്‍ശകരുടെ വരവായിരുന്നു
നഷ്ടപ്പെടുന്നത് തിരിച്ചു കിട്ടാന്‍ മോഹിക്കാത്തവരുണ്ടാവുമോ? ഒരിക്കലെങ്കിലും തിരിച്ചുകിട്ടാന്‍ കൊതിക്കുന്നത് കുട്ടിക്കാലത്തെ മീനമാസക്കാലം. ഷൊര്‍ണൂരിനടുത്ത് പരുത്തിപ്ര എന്ന ഗ്രാമത്തിലാണ് എന്റെ വീട്. ഒരു കയറ്റം കയറി ഇറക്കമിറങ്ങി ഒരു ഒറ്റപ്പെട്ട തൊടിയിലാണത്. പാറകള്‍, മാവുകള്‍, മുറ്റത്തെ നെല്ലിമരം, തണുത്തവെള്ളമുള്ള ആഴമുള്ള കിണര്‍, പാമ്പിന്‍പുറ്റ്, ചെറുമരങ്ങള്‍,നെല്‍പ്പന, ഇടിവെട്ടിപ്പൂവ്, കരിമ്പനകള്‍, പാമ്പുകള്‍, പ്ലാശ്മരം, ഇല്ലിക്കൂട്ടം... അങ്ങനെ അന്ന് സാധാരണമായിരുന്ന എല്ലാം ഇന്നൊരു സ്വപ്‌നദൃശ്യം പോലെ നിലാവില്‍ കുളിച്ചുകിടക്കുന്നു.

ആര്യങ്കാവിലെ പൂരമാണ് ഞങ്ങളുടെ പൂരം. മീനം ഒന്നിന് കൊടിയേറി 21ന് പൂരം. ഒന്നാം തീയതി മുതല്‍ പൂതന്‍, വെള്ളാട്ട്, ആണ്ടി, നായടി എന്നിവര്‍ വന്നുതുടങ്ങും. അടുത്തുള്ള ചില ദേശങ്ങളിലെ കൂടി വെള്ളാട്ടുകള്‍ വരും.
'ആരുടെ ആരുടെ ആണ്ടിക്കിടാവിത്? ആര്യങ്കാനല്ലമ്മേയുടെ ആണ്ടിക്കിടാവിത്?' , 'ചിറ്റോട് ചിറ്റ് വിളക്ക്, തിരുനടക്കല്‍ ദീപസ്തംഭം...' എന്ന പാട്ടും കളിയും ആ കുട്ടിക്കാലത്തിന്റെ ഓര്‍മകളില്‍ ഉണ്ട്. പൂതനെ കാണാന്‍ കൗതുകവും പേടിയും കലര്‍ന്ന കാത്തിരിപ്പാണ്. മുഖം മറയ്ക്കുന്ന ഒരു മാസ്‌കും കിരീടവും മുടിയും. ശരിക്കുള്ള കണ്ണുകള്‍ക്കടുത്താണ് ചുവന്ന നാവ്. തൊള്ളേക്കണ്ണന്‍ എന്നും അതുകൊണ്ട് പൂതനയെ വിളിക്കാറുണ്ട്. കൈയിലുള്ള ചുവന്ന ഒരു തളികയില്‍ കൊട്ടി, താ താ... എന്ന് ആംഗ്യം കാണിക്കും. നെല്ലോ മുണ്ടോ കൊടുക്കണം. അമ്മയുടെ പിന്നില്‍ മറഞ്ഞുനിന്ന് ഞാന്‍ വിചാരിക്കും, 'എന്നെ കൊടുക്കുമോ ' എന്നായിരിക്കും ചോദ്യം എന്ന്. പൂതനും കളിക്കും. പറയോ ചെണ്ടയോ പൂതന്റെ കാല്‍ച്ചിലമ്പുമണിയുടെ കിലുക്കമോ... കുന്നിറങ്ങി അവര്‍ വരുന്ന ആ ശബ്ദം ഒരു അഭൗമാന്തരീക്ഷമുണ്ടാക്കും. മുണ്ടായപ്പൂതനായിരുന്നു എപ്പോഴും ഞങ്ങളുടെ പൂതനേക്കാള്‍ ഭംഗി. 'നല്ല കോപ്പ് കൊണ്ടാ അത്' എന്ന് അച്ഛന്‍ പറയും.
ഭഗവതി തെറ പൂരത്തിനേ വരൂ. മഴവില്ല് പോലെയിരിക്കുന്ന ഭാരമേറിയ മരഫലകത്തില്‍ കൊത്തിയ ഭഗവതീരൂപം, ചുരുട്ടിയ നീണ്ട തുണിയില്‍ കണ്ണെഴുതി കള്ളിപാലപ്പൂ മാലയിട്ട മനുഷ്യന്‍ പിടിച്ചിരിക്കും. കൊടുത്ത നെല്ലില്‍ നിന്നും അരിയില്‍ നിന്നും അല്പം എടുത്ത് തൊഴുത് നില്‍ക്കുന്ന ഞങ്ങളുടെ മേലേക്കിടും. അനുഗ്രഹവര്‍ഷം. പൂരത്തിന് കാവിലേക്ക് ഒരിക്കല്‍പോലും പോവാത്ത എനിക്ക് പൂരം ആ അഭൗമസന്ദര്‍ശകരുടെ വരവായിരുന്നു.
ഇനി വേണം ആ ദിവസം. അമ്മയുടെ സുന്ദരമായ മുഖം, അച്ഛന്റെ വിരലില്‍ പിടിക്കല്‍, കുട്ടിയാവല്‍... ഏടത്തിമാരോടൊപ്പം ഒരു മീനമാസം.


ആറ്റിന്‍കരയിലെ ഓര്‍മപ്പൂക്കള്‍/ഡോ. ഷേര്‍ളി വാസു


മുന്‍പിലെ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ ഓരോ മൃതദേഹവും എത്തുമ്പോള്‍ എന്റെ മനസ്സ് പിന്നിലേക്ക് പോവും.
എന്റെ നാട്ടിലേക്ക്. ഞാന്‍ ജീവിതവും സ്വാതന്ത്ര്യവും ആദ്യമായി ആഘോഷിച്ച തൊടുപുഴയാറ്റിലേക്ക്. അവിടെയാണ് ഞാന്‍ അച്ഛന്റെ കൈത്തണ്ടയില്‍ കിടന്ന് നീന്താന്‍ പഠിച്ചത്, കൂട്ടുകാരോടൊപ്പം കുളിച്ചും കളിച്ചും തിമര്‍ത്തത്. ആദ്യമായൊരു മരണം കണ്ടതും ആ ആറ്റില്‍ത്തന്നെ. ഓര്‍മയുടെ അങ്ങേ അറ്റത്താണ് ഇതെല്ലാം. എങ്കിലും മനസ്സില്‍ ഇന്നും ആ ചിത്രങ്ങള്‍ മിഴിവോടെ നില്‍ക്കുന്നു.

നേരം വെളുക്കുമ്പോള്‍ത്തന്നെ ഞങ്ങള്‍ ആറ്റിലെത്തും. എല്ലാ സൗഹൃദങ്ങളും ആ വഴിയിലാണുണ്ടാവുന്നത്. വേനല്‍ക്കാലമായാല്‍ വെള്ളമെല്ലാം വറ്റി, ഒരു നീര്‍ച്ചോല മാത്രമാവും. മഴക്കാലത്ത് ഒരു രൗദ്രഭാവമാണ് തൊടുപുഴയാറ്റിന്. അതിന്റെ കരയിലൊരു വെട്ടിമരമുണ്ട്. മഴക്കാലം കഴിഞ്ഞാല്‍ അത് നിറയെ പൂക്കും. പുറത്ത് പച്ചയും ഉള്ളില്‍ മഞ്ഞനിറവുമുള്ള പഴങ്ങള്‍, കുലകുലയായങ്ങനെ നില്‍ക്കും. ഒരു തരിമധുരമുള്ള പഴങ്ങളാണവ.

ആറ്റിലേക്കുളള വഴിയിലൊരു പാലമരമുണ്ട്. അതില്‍ യക്ഷിയുണ്ടെന്നും രാത്രിയായാല്‍ ആ യക്ഷി ഇറങ്ങിവന്ന് ചോരകുടിക്കുമെന്നൊക്കെ പറഞ്ഞ് വലിയവര്‍ പേടിപ്പിക്കും. പക്ഷേ, ഞങ്ങള്‍ അതൊന്നും ശ്രദ്ധിക്കുകയേയില്ല. അതിന്റെ ചുവട്ടില്‍നിന്നും പൂക്കള്‍ പെറുക്കി, അതു കോര്‍ത്ത് മാലയാക്കിയിടും. അതിനിടയിലാണ് ഒരു മരണം കടന്നുവരുന്നത്. രണ്ടിലോ മൂന്നിലോ പഠിക്കുമ്പോഴാണത്. ഞങ്ങളുടെ നാടിന്റെ മുഖമുദ്രയായ ഒരു പോസ്റ്റുമാനുണ്ടായിരുന്നു. കുറച്ച് പ്രായമുള്ളൊരാള്‍. കൈയിലൊരു കാലന്‍കുടയും കക്ഷത്തൊരു ബാഗുമായാണ് നടപ്പ്. ഓരോ വീട്ടിലും കയറിയിറങ്ങി, കുശലം പറഞ്ഞ് അങ്ങനെ പോവും. നാട്ടിലെന്തു നടന്നാലും ആദ്യം നാട്ടുകാരെ അറിയിക്കുന്നത് ഈ പോസ്റ്റുമാനാവും. ''ഏയ്, അറിഞ്ഞില്ലേ, നമ്മുടെ...'' അന്ന് ഞാന്‍ സ്‌കൂള്‍വിട്ടു വരികയായിരുന്നു. തൊടുപുഴയാറ്റിന്റെ അടുത്തെത്തിയപ്പോഴാണ് കണ്ടത്. ആറ്റിറമ്പിലുള്ള മുളങ്കൂട്ടങ്ങളില്‍ ചാരി പുഴയിലേക്ക് കാലും നീട്ടിയിരിക്കുന്ന പോസ്റ്റുമാന്‍. ബാഗും കുടയും തൊട്ടടുത്തുതന്നെയുണ്ട്. ഞാന്‍ കുറേ കുലുക്കി വിളിച്ചുനോക്കി. ഒരനക്കവുമില്ല. ഞാന്‍ കരഞ്ഞുകൊണ്ട് നേരെ വീട്ടിലേക്കോടി. കരച്ചില്‍ കേട്ട് നാട്ടുകാരെല്ലാം ഓടിക്കൂടി. അപ്പോഴേക്കും അയാള്‍ മരിച്ചിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം... എത്രയോ പേരെ പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കണ്ടു. പത്മരാജന്‍ മുതല്‍ ഊരും പേരും അറിയാത്തവര്‍ വരെ... പക്ഷേ, ഓരോ മൃതദേഹത്തിലും ഞാന്‍ കാണുന്നത് ആ പോസ്റ്റുമാന്റെ മുഖമാണ്. ആ തൊടുപുഴയാറും ഓര്‍മകളും ഒരിക്കലും എന്നില്‍നിന്നും കുടഞ്ഞെറിയാന്‍ കഴിയില്ല. ഓരോ തവണ മുങ്ങിനിവരുമ്പോഴും ഏതോ ഒരു ശക്തി ഉള്ളില്‍ നിറയുന്നതുപോലെ.



മഴ നനഞ്ഞെത്തിയ ചങ്ങാതി/ഡോ. എം.കെ. മുനീര്‍
ഓരോ മഴയും ഓരോ ഓര്‍മകളാണ്. ചിലപ്പോള്‍ കണ്ണീരായും മറ്റു ചിലപ്പോള്‍ ചിരിയായും. അങ്ങനെയൊരു പെരുമഴയത്തായിരുന്നു ബാപ്പ ഞങ്ങളെ വിട്ടുപോയത്. മഴകാരണം ടാര്‍പോളിനൊക്കെ മുകളില്‍ പിടിച്ചാണ് ഖബറടക്കം നടത്തിയത്. മഴയില്‍ മറഞ്ഞുനില്‍ക്കുന്ന ദുഃഖം അന്നാണ് അറിയുന്നത്.
മഴയെക്കുറിച്ചുള്ള എന്റെ ഓര്‍മകള്‍ ശരിക്കും തുടങ്ങുന്നത് ജാക്കി എന്ന പൂച്ചയില്‍ നിന്നാണ്. ക്ലിഫ്ഹൗസില്‍ താമസിക്കുന്ന സമയം. ബാപ്പയുടെസന്തതസഹചാരി ബാബുവേട്ടന് എവിടെയോ പോയിവരുമ്പോഴാണ് ആ പൂച്ചക്കുട്ടിയെ കിട്ടിയത്. തണുത്തു മരവിച്ചിരിക്കുന്ന അവസ്ഥയില്‍. നേരെ ക്ലിഫ്ഹൗസില്‍ കൊണ്ടുവന്നു. ഞാനവനൊരു പേരുമിട്ടു, ജാക്കി. 
മഴയുള്ള ദിവസങ്ങളില്‍ സ്‌കൂള്‍ നേരത്തെ വിടും. ജാക്കി ഞാന്‍ വരുന്നതും നോക്കി വീടിനു മുമ്പിലുള്ള റോസാച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരിക്കും. എന്നിട്ട് ഞാന്‍ ഉള്ളിലേക്ക് കയറുമ്പോള്‍ എന്റെ ദേഹത്തേക്ക് ചാടിവീഴും. പിന്നെ, ഞങ്ങള്‍ തമ്മിലുള്ള കളിയാണ്. ക്ലിഫ്ഹൗസിന്റെ ഉള്ളിലിരുന്നാല്‍ മഴപെയ്യുന്ന ശബ്ദമൊന്നും കേള്‍ക്കില്ല. അതുകൊണ്ട് നേരെ സ്വീകരണമുറിയിലേക്ക് പോകും. അവിടെയുള്ള വലിയ ജനാലകള്‍ തുറന്നിടും. അപ്പോള്‍ മഴയിങ്ങനെ ഉള്ളിലേക്കടിച്ചു കയറും. ആ ശബ്ദവും കേട്ട് അവിടെയുള്ള സോഫയില്‍ കിടക്കാന്‍ നല്ല സുഖമാണ്. ജാക്കിയും പതുക്കെ എന്റടുത്തേക്കുവരും. എന്റെ കാലുകളില്‍ മുഖമമര്‍ത്തി, ദേഹത്തു കയറിക്കിടക്കും. 
ഒരു കൊടുംകാട് പോലെയായിരുന്നു അന്ന് ക്ലിഫ്ഹൗസ് പരിസരം. അതിനിടയില്‍ ഒരു ചെറിയ ഇടവഴിയുണ്ട്. സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ ഞാന്‍ അതിലൂടെ നടക്കും. പിന്നാലെ ജാക്കിയുമുണ്ടാകും. കുറച്ചുനാള്‍ കഴിഞ്ഞതോടെ ജാക്കിയില്‍ കുറെ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. സാധാരണ പൂച്ചകളില്‍നിന്നും വ്യത്യസ്തമായി വലുപ്പം വെച്ചു. ഒറ്റയ്ക്കു പുറത്തുപോവാനും തുടങ്ങി. മുഖത്ത് മുറിവുകളുമായാണ് തിരിച്ചുവരിക. അങ്ങനെ പതുക്കെപ്പതുക്കെ അവന്‍ ഞങ്ങളില്‍നിന്നും അകന്നു.
ആയിടയ്ക്കാണ് ഒരു വെറ്റിനറി ഡോക്ടര്‍ വീട്ടില്‍ വന്നത്. ജാക്കിയെ കണ്ടപ്പോള്‍ ഡോക്ടര്‍ പറഞ്ഞു. ഇതിന് കാടന്‍പൂച്ചയുടെ സ്വഭാവമുണ്ട്, ഇവനെ ഞാന്‍ തിരുവനന്തപുരം മൃഗശാലയില്‍ കൊണ്ടുപോവാമെന്ന്. വീട്ടുകാര്‍ സമ്മതിച്ചു. ഞാന്‍ കുറെ ബഹളമുണ്ടാക്കി . ഒരുപാട് കരഞ്ഞു. പക്ഷേ, ഒന്നും വിലപ്പോയില്ല. ജാക്കിയെ കൊണ്ടുപോവുന്ന ദിവസമെത്തി. ഞാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങിയതേയില്ല. ജനാലയിലൂടെ ഒന്നെത്തിനോക്കി, അവനും എന്നെനോക്കി 'മ്യാവൂ' എന്ന് ശബ്ദമുണ്ടാക്കി. അതായിരുന്നു അവസാനത്തെ കാഴ്ച. മഴയുള്ളൊരു ദിവസം തന്നെയാണ് എന്റെ ആദ്യത്തെ കൂട്ടുകാരന്‍ എന്നെ പിരിഞ്ഞതും. അതിനുശേഷമുള്ള ഓരോ മഴക്കാലവും ജാക്കിയുടെ ഓര്‍മയായിരുന്നു.



 








No comments:

Post a Comment